ന്യൂഡൽഹി: റിലയൻസ് കമ്യുണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 3,034 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ചൊവ്വാഴ്ച ആയിരുന്നു ഇഡി നടപടി. കേസിൽ ഇതുവരെ ആകെ 19,344 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈ ഉഷാ കിരൺ ബിൽഡിംഗിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, മുദ്ര ഫൗണ്ടേഷൻ ഫോർ കമ്യുണിക്കേഷൻസ് റിസർച്ച് ആൻഡ് എജ്യൂക്കേഷന്റെ പേരിലുള്ള ഭൂമി, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ 7.71 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.
പഞ്ചാബ് നാഷണൽ ബാങ്ക്, എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങളുടെ പരാതിയിലായിരുന്നു അനിൽ അംബാനിക്കെതിരേയും റിലയൻസ് കമ്യുണിക്കേഷനെതിരേയും സിബിഐയും ഇഡിയും കേസെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ കേസ്. അതേസമയം കണ്ടുകെട്ടിയ സ്വത്തുക്കളിൽ കുടുംബ സ്വത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി നടപടിയിൽ നിയമാനുസൃതമായി മറുപടി നൽകുമെന്നും റിലയൻസ് ഗ്രൂപ്പ് അറിയിച്ചു.